സമര പോരാട്ടങ്ങളുടെ ഭൂമികയെ ചുവപ്പുടുപ്പിച്ചുകൊണ്ട് കഴിഞ്ഞ കാൽ നൂറ്റാണ്ടിലധികമായി ഞങ്ങളിവിടെയുണ്ട്. കേരളത്തിലെ ജലവിതരണ രംഗത്തെ അനിവാര്യതയായ കേരള വാട്ടർ അതോറിറ്റി എന്ന സ്ഥാപനത്തിലെ ഏറ്റവും കൂടുതൽ ജീവനക്കാരുടെ പിന്തുണയുടെ കരുത്തുമായി ഇനിയും മുന്നോട്ട്..........
കേരളത്തിലെ ജല മേഖലയിൽ അനിഷേധ്യ ശക്തിയാണ് 1984-ൽ രൂപീകൃതമായ കേരള വാട്ടർ അതോറിറ്റി. ശുദ്ധവും സുരക്ഷിതവുമായ കുടിവെള്ളം കേരള ജനതയ്ക്കു നൽകുന്നതിൽ പ്രതിജ്ഞാബദ്ധമാണ് കേരള വാട്ടർ അതോറിറ്റി . അതോറിറ്റിയുടെ തുടക്കകാലം മുതൽ ഈ മേഖലയിലെ ഒന്നാം സ്ഥാനത്തുള്ള സംഘടനയാണ് കേരള വാട്ടർ അതോറിറ്റി എംപ്ലോയീസ് യൂണിയൻ - സി.ഐ.ടി.യു. ഇടതുപക്ഷ ആശയങ്ങളുടെ അടിത്തറയിൽ നിന്നുകൊണ്ട് ജീവനക്കാരുടെ പ്രശ്നങ്ങളിലും ജല മേഖലയൊന്നാകെയുള്ള വിഷയങ്ങളിലും സജീവവും സക്രിയവുമായ ഇടപെടലുകളുടെ നൈരന്തര്യവുമായി യൂണിയൻ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു. ജലം - ജീവന്റയാധാരം എന്നിരിക്കെ, ഇത്തരം പരമപ്രധാനമായ മേഖലയിലെ തൊഴിലാളികളുടെ ഉന്നമനവും, അഴിമതിക്കെതിരെയുള്ള പ്രചാരണവും, സ്വകാര്യവൽക്കരണ കച്ചവട താല്പര്യ നീക്കങ്ങൾക്കെതിരെയുള്ള നിതാന്ത ജാഗ്രതയും മുഖാമുദ്രയാക്കിയ യൂണിയൻ, രജതജൂബിലി പിന്നിട്ട ഈ സ്ഥാപനത്തിൽ അഗ്രഗാമിയായി നിലകൊള്ളുന്നു.
അതോറിറ്റി രൂപീകൃതമാകുന്നതിനുമുമ്പ് പബ്ലിക് ഹെൽത്ത് എഞ്ചിനീയറിംഗ് ഡിപ്പാർട്മെന്റ് (പൊതുജനാരോഗ്യ വകുപ്പ്) ആയിരുന്നപ്പോൾ കേരള എൻ.ജി.ഒ.യൂണിയന്റെ ഭാഗമായി നിലകൊണ്ട ഈ പ്രസ്ഥാനം, സ. ഇ.പത്മനാഭൻ, സ. പി. കെ. രാമചന്ദ്രൻ, സ.എം.ദാസൻ തുടങ്ങിയ കർമ്മധീരരായ പൂർവ്വസൂരികളാൽ സ്ഫുടം ചെയ്തെടുത്ത സമരാഗ്നി ഇന്നും കെടാതെ സൂക്ഷിക്കുന്നു. വെറും അവകാശ സമരങ്ങൾ മാത്രമല്ല, പൊതു സമൂഹത്തിന്റെ പിന്തുണയാർജ്ജിച്ച ജലമേഖലയുടെ സ്വകാര്യവൽക്കരണ നീക്കങ്ങൾക്കെതിരെയുള്ള ഐതിഹാസിക സമരങ്ങളും ഇക്കാലയളവിൽ യൂണിയൻ സംഘടിപ്പിച്ചിട്ടുണ്ട്.
നവനിർമ്മിതികളുടെയും സങ്കേതങ്ങളുടെയും പുത്തൻകാലത്തും ഒട്ടും ചോരാത്ത പോരാട്ടവീര്യവുമായി, എന്നാൽ തികഞ്ഞ അവധാനതയോടെ യൂണിയൻ നിരന്തരം പ്രശ്നാധിഷ്ഠിത വിഷയങ്ങളിൽ ഇടപെട്ടുകൊണ്ടിരിക്കുന്നു. പുതുതലമുറയെ അവകാശബോധമുള്ളവരാക്കാനും കർത്തവ്യ നിർവഹണത്തിന്റെ ജാഗ്രത്തായ പാഠങ്ങൾ ഉൾക്കൊള്ളുന്നവരാക്കാനും പ്രാപ്തമായ ഒരു നേതൃനിരയുമായി കേരള വാട്ടർ അതോറിറ്റി എംപ്ലോയീസ് യൂണിയൻ സി.ഐ.ടി.യു. പുത്തൻ വിഹായസുകളിലേക്ക്...........




